എന്തുതന്നെയായാലും സാധ്യമാകുന്നത്രയും വേഗം ഒരു ഉംറക്ക് പോകണം

Pam ckd writes
ചില വായനകൾ എവിടെയൊക്കെയാണ് നമ്മളെ കൊണ്ടെത്തിക്കുക പ്രവചനാതീതമാണ്. അപ്രതീക്ഷിതമായി കയ്യിലെത്തുന്ന ചില പുസ്തകങ്ങളായിരിക്കും ചിലപ്പോൾ നമ്മുടെ ജീവിതത്തിന്റെ ആഗാധ ഗർത്തങ്ങളിൽ നിന്നും നമ്മെ കരകയറ്റുന്നത്. അങ്ങനെ ഒരനുഭവം ഉണ്ടായിട്ടുണ്ട് 2002ൽ വായിച്ച ഒരു മനശാസ്ത്ര പുസ്തകത്തിനാൽ.
ഇന്നിതാ മറ്റൊരു പുസ്തകം, ഏറെക്കാലമായി മനസ്സിലിട്ട് താലോലിക്കുന്ന ഒരു സ്വപ്നത്തെ നാളെത്തന്നെ നടപ്പിലാക്കണമെന്ന് വാശിപിടിപ്പിക്കുന്നു. മറ്റൊന്നുമല്ല. മദീനയിൽ ആറ്റൽ നബി(സ)യുടെ ചാരത്തെത്താൻ എത്രകാലമായി കൊതിക്കുന്നു. കുഞ്ഞുകുട്ടി പരാധീനതകൾ അതിങ്ങനെ നീട്ടി കൊണ്ടുപോകുകയായിരുന്നു. ഇന്നിപ്പോൾ രാവിലെ മുതൽ നിഷാദ് സിദ്ദീഖി (PM Nishad Sidheeqi Randathani) രണ്ടത്താണിയുടെ ഉംറാനുഭവങ്ങൾ ‘ഹിജാസിന്റെ ഹൃദയഭൂമികയിലൂടെ’ ഓരോ താളുകൾ പിന്നിട്ടപ്പോഴും ഇന്ന് തന്നെ യാത്രക്ക് നിർബന്ധിക്കുന്നു. കയ്യിൽ ഒരു പൈസയും ഇല്ല. കടമാണെങ്കിൽ എമ്പാടും. അതിനുപുറമേ തീരാത്ത വീട് പണിയും. എന്നിട്ടും മനസ്സ് അടങ്ങുന്നില്ല. പോയേ തീരൂ… മദീനയുടെ രാജകുമാരന്റെ തിരുസ്പർശനമേറ്റ മണ്ണിലെത്തിയേ അടങ്ങൂ…
ബൂസൂരി(റ) പറഞ്ഞില്ലേ;
“ഫമാലി അയ്നയ്ക്ക ഇൻ ഖുൽതക്ഫുഫാ ഹമതാ
വമാ ലി ഖൽബിക ഇൻ ഖുൽതസ്തഫിഖ് യഹിമി.”
ഇതിനുമുമ്പും ഹജ്ജനുഭവങ്ങളും ഉംറാനുഭവങ്ങളും നബിയുടെ നാട്ടിലെ വിശേഷങ്ങളും പറയുന്ന മറ്റു പല പുസ്തകങ്ങളും കിതാബുകളും വായിച്ചിട്ടുണ്ട്. മൈക്കൽ വുൾഫിന്റെ ‘ഹജ്ജും’ മുഹമ്മദ് അസദിന്റെ ‘റോഡ് ടു മക്ക’യും ഏറെ ഹൃദ്യമായ വായനാനുഭവം നൽകിയിട്ടുണ്ടെങ്കിലും മദീനയെ ഇത്രകണ്ട് കൊതിപ്പിച്ചിട്ടില്ല. ഫൈസൽ അഹ്സനി രണ്ടത്താണി യുടെ ‘അനുരാഗിയുടെ തീർത്ഥാടന വഴികൾ’ വായിച്ചപ്പോൾ ഇന്നത്തേതിനു സമാനമായ ഒരനുഭവം ഉണ്ടായിട്ടുണ്ട്. പക്ഷേ നിഷാദ് സിദ്ദീഖി മറ്റൊരു തലത്തിലാണ് നമ്മെ മക്കയുടെ പ്രാന്തങ്ങളിലൂടെ, മദീനയുടെ ഓരങ്ങളിലൂടെ കൂടെ കൂട്ടുന്നത്. ഒരാൾ ഒറ്റക്ക് അനുഭവിക്കുന്ന ഒരു ഉംറയാത്ര ഒരുപാട് ആളുകളെ ഒപ്പംകൂട്ടി ചരിത്രത്തിലേക്ക് നടത്തുന്ന ഒരു അനുഭവമായി മാറുകയാണ് ഈ പുസ്തകത്തിൽ.
മക്കയിലെ/മദീനയിലെ ഓരോ ബിന്ദുവിലും ഊറി കിടക്കുന്ന ചരിത്രത്തെ അവിടെനിന്ന് കിളച്ചെടുക്കുന്നുണ്ട് സിദ്ദീഖി. മനോഹരമായി തന്നെ.
ചിലയിടങ്ങളിൽ ആ പുണ്യ പൂമേനി തട്ടി തളരിതമായ അതുല്യ മണ്ണിൽ കാലത്തിൻറെ അതിരുകൾ മായ്ച്ച് ചെന്നെത്തിയ പ്രതീതി സൃഷ്ടിക്കാൻ കഴിയുന്നുണ്ട് അദ്ദേഹത്തിന്.
അളവും തൂക്കവും ഒപ്പിക്കാതെ പുണ്യ നബിയെ സ്നേഹിക്കുന്നവർക്ക് അവിടുത്തെ ഭാര്യമാർ, മക്കൾ, അനുചരന്മാർ അവരുടെ ഓർമ്മകളിലേക്കുള്ള ഈ യാത്രയിൽ കണ്ണീര് ഉറവ പൊട്ടിക്കാതെ കടന്നുപോകാനാവില്ല.
ഒരു ശപഥത്തോട് കൂടിയാണ് ഈ പുസ്തകം അടച്ചു വെക്കുന്നത്. എന്തുതന്നെയായാലും സാധ്യമാകുന്നത്രയും വേഗം ഒരു ഉംറക്ക് പോകണം. മക്കയിലെ വിശുദ്ധ ഗേഹത്തിൽ എത്തണം. ഹജറിനെ മുത്തണം. ഹിജ്റിൽ നിസ്കരിക്കണം. സ്വഫാ-മർവക്കിടയിൽ നടക്കണം. മിനയിൽ, അറഫയിൽ, മുസ്ദലിഫയിൽ, താഇഫിൽ,……ഓർമ്മകളുടെ ഭാണ്ഡം പേറി അലയണം.
മദീനത്തുർറസൂലിൽ ആ പുണ്യഭൂമിയിൽ തൊടണം. അവിടുത്തെ കാറ്റു കൊള്ളണം. ഹുജ്റത്തു ശ്ശരീഫയിൽ പൊട്ടിക്കരയണം. തിരുറൗളയിൽ ഇരുന്ന് ഉടയവനോടിരക്കണം. നബവിപ്പള്ളിയുടെ മുക്കിലും മൂലയിലും വെറുതെ തൊട്ടുരുമ്മണം. അവസാനം ആ തെരുവിന്റെ പ്രാന്തങ്ങളിലൂടെ ഖൻതക്കും ഉഹ്ദും ബദറും തേടി അലയണം. സംസം കുടിച്ചും അജ്’വ തിന്നും നിർവൃതിയടയണം. നാഥാ നീ കനിയണേ … ഉതവിയേകണേ…ആമീൻ

 

ചില വായനകൾ എവിടെയൊക്കെയാണ് നമ്മളെ കൊണ്ടെത്തിക്കുക പ്രവചനാതീതമാണ്. അപ്രതീക്ഷിതമായി കയ്യിലെത്തുന്ന ചില…

Pam Ckd यांनी वर पोस्ट केले बुधवार, १७ एप्रिल, २०१९

Comment (1)

  • Anas Reply

    Good work

    August 23, 2019 at 6:12 am

Leave a Reply

Your email address will not be published. Required fields are marked *